News

വിമർശിച്ചത് പാർട്ടി നേതൃത്വത്തെയല്ല; വിശദീകരണവുമായി പികെ ശശി

സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനം ഉയര്‍ത്തിയ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി പികെ ശശി. താൻ വിമർശിച്ചത് പാർട്ടി നേതൃത്വത്തെയല്ലെന്ന് സിപിഐഎം നേതാവ് പികെ ശശി. പാർട്ടിയെ മറയാക്കി അവിശുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവരെയാണ് ഉദ്ദേശിച്ചത്. പാർട്ടി ഏൽപ്പിച്ച ചുമതല വഹിക്കുന്നയാളാണ് താനെന്നും താൻ ഇപ്പോഴും ഈ പാർട്ടിയിൽ ഉണ്ടെന്നും പികെ ശശി പറഞ്ഞു.

പാർട്ടിയെ പരസ്യമായി വിമർശിക്കുന്നയാളല്ല താനെന്ന് പികെ ശശി പറഞ്ഞു. പാർട്ടി നേതൃത്വത്തെ വിമർശിക്കാൻ അവകാശമുണ്ട്,പക്ഷെ അത് പാർട്ടി ഫോറത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ മറയാക്കി അവിശുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർ പാർട്ടിയിൽ ഉണ്ട് അവരെ ഉദ്ദേശിച്ചാണ് വിമർശനം ഉന്നയിച്ചത്. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പികെ ശശിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

2024 പ്രതിസന്ധിയുടെ കാലമായിരുന്നു. എന്നാൽ, കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് 2024 ഒരു സുന്ദരകാലമായിരുന്നു. മഹാദുരന്തമാണ് അവരെ കാത്തിരിക്കുന്നതെന്ന് പികെ ശശി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച് ഉന്മാദിച്ചവർക്ക് ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ലെന്നും കുറിപ്പിലുണ്ട്. പാ൪ട്ടിവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ പി കെ ശശി തരംതാഴ്ത്തൽ നടപടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.

Most Popular

To Top