News

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനത്തിന് നിര്‍ദേശം

ശബരിമലയിലെ പതിനെട്ടാം പടിയിൽ ഫോട്ടോ ഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി. അച്ചടക്കലംഘനം നടത്തിയ 23 പൊലീസുകാരെ കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയച്ചു. ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറതിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്‍റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് പൊലീസ് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പൊലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് നടപടി.

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ 23 പൊലീസുകാരെയാണ് കണ്ണൂ‍ർ കെഎപി നാലിലേക്ക് പരിശീലനത്തിനയക്കുന്നത്. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിർദേശം. നടപടിയുടെ ഭാഗമായുള്ള പരിശീലനത്തിന്‍റെ കാലാവധി നിശ്ചയിച്ചിട്ടില്ല. നല്ല നടപ്പ് പരിശീലന കാലത്ത് പൊലീസുകാർക്ക് അവധിയടക്കം പരിമിതപ്പെടുത്തും. പൊലീസുകാരുടെ വീഴ്ചക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി. പതിനെട്ടാം പടിയിൽ ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

Most Popular

To Top