News

പെരിയ ഇരട്ട കൊലപാതക കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍

പെരിയ ഇരട്ട കൊലപാതക കേസിൽ മുന്‍ എംഎൽഎ കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.  10 പ്രതികളെ വെറുതെ വിട്ടു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി പറഞ്ഞു. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, പെരിയ മുന്‍ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍, സജി സി ജോര്‍ജ്, കെ അനില്‍ കുമാര്‍, ജിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്‌, എ മുരളി, ടി. രഞ്ജിത്ത്, ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്‌ഠന്‍, എ സുരേന്ദ്രന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരന്‍ എന്നിവർക്കെതിരെയാണ് കുറ്റം തെളിഞ്ഞത്.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത്‌ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം നടന്ന് ആറ് വർഷം പൂർത്തിയാകാനിരിക്കെയാണ് കേസിൽ വിധി പ്രസ്‌താവിച്ചത്. സമാനതകളില്ലാത്ത ക്രൂര കൊലപാതകത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഐഎം പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഒന്നാം പ്രതി എ. പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപച്ചത്. അപകടം മണത്ത സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

Most Popular

To Top