പെരിയ ഇരട്ടക്കൊലപാതക കേസിൽ പരോളിനായി പ്രതികൾ അപേക്ഷ നൽകി. കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നരമാസം തികയും മുൻപാണ് പരോളിനായി പ്രതികളുടെ നീക്കം. എട്ടാം പ്രതി എ സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അപേക്ഷ നൽകിയത്. അതേസമയം നിയമപരമായി പ്രതികൾ പരോളിന് അർഹരെന്നാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നത്. റിമാൻഡ് കാലയളവ് ഉൾപ്പെടെ പ്രതികൾ രണ്ട് വർഷം തടവ് പൂർത്തിയായെന്നാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്.
ജനുവരി മൂന്നിനാണ് പ്രതികൾക്ക് സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജനുവരി 20,21 തീയതികളിലാണ് പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ പരോളിനായി അപേക്ഷ സമർപ്പിച്ചത്.
2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷുംആക്രമിക്കപ്പെടുന്നത് . വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. ആറു വർഷമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി വിധി പറഞ്ഞത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ ഗൂഡാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.
