News

പെരിയ ഇരട്ടക്കൊല കേസ്: മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ കൊലപാതകം, പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി’: ഷാഫി പറമ്പില്‍

പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധി സിപിഐഎമ്മിനേറ്റ കനത്ത തിരിച്ചടിയെന്ന് ഷാഫി പറമ്പില്‍ എംപി. പെരിയയില്‍ നടന്നത് മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ കൊലപാതകമെന്ന് വ്യക്തമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഗൂഢാലോചനയില്‍ പങ്കെടുത്തവരെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും ശിക്ഷിക്കണം. പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.  നീതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ പണം ചിലവഴിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നല്‍കുന്ന പണം ചിലവഴിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു. അത് സിപിഐഎം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത്‌ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Most Popular

To Top