പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തിൽ സിമന്‍റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർത്ഥിനികൾക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങി ജന്മനാട്. നാലുപേരുടെയും മൃതദേഹം വീടുകളിലെത്തിച്ചു. അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തിച്ചത്. രാവിലെ 6 മണിയോടെ പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ വച്ചിരുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നാല് വിദ്യാർഥിനികളുടേയും കബറടക്കം ഇന്ന് നടക്കും.
വീടുകളിൽ രണ്ടു മണിക്കൂർ നേരം പൊതുദർശനം ഉണ്ടാകും. ശേഷം രാവിലെ 8:30 മുതൽ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദ൪ശനത്തിന് വെക്കും. പിന്നീട് 10:30 ഓടെ തുപ്പനാട് ജുമാമസ്ജിൽ ഒന്നിച്ചായിരിക്കും ഖബറടക്കുക എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികള്‍ മരിച്ചത്.
