പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറിൽ നാല് അടിഖബറുകൾ ഒരുക്കിയാണ് കൂട്ടുകാരെ നാലുപേരെയും ഒരുമിച്ച് അടക്കിയത്. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.
