ദേശീയ പ്രാധാന്യമുള്ളതോ, അന്താരാഷ്ട്രാ പ്രധാന്യമുള്ളതോ ആയ പരിപാടികള്‍ നടക്കുമ്പോള്‍ ഓരോ രാജ്യവും പ്രധാനവേദികള്‍ ഉള്‍പ്പെടുന്ന നഗരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നത് ഇന്ന് ഒരു പൊതുകാഴ്ചയാണ് മാറിയിരിക്കുകയാണ്. വിദേശരാഷ്ട്ര തലവന്മാർ വരുമ്പോള്‍, സുരക്ഷയോടൊപ്പം തന്നെ റോഡിന് ഇരുവശങ്ങളിലെയും ചേരികളെ മറയ്ക്കുന്നതിനായി വലിയ തുണികളോ ഫ്ലക്സുകളോ കെട്ടുന്ന ദില്ലിയുടെ സംസ്കാരം നമ്മള്‍ ഇന്നും കാണുന്നു.
എന്നാല്‍, പാകിസ്ഥാനില്‍ ഈ നിയന്ത്രണങ്ങള്‍ അതിന്‍റെ ഏറ്റവും ഉയരത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്ലാമാബാദില്‍ ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ 23-ാമത് യോഗം നടക്കുകയാണ്. ഞായറാഴ്ച മുതല്‍ ഇസ്ലാമാബാദിലേക്ക് വിദേശ പ്രതിനിധികള്‍ എത്തിത്തുടങ്ങി. ഇന്ത്യ, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, പാകിസ്ഥാന്‍, റഷ്യ, തജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ 9 രാജ്യങ്ങള്‍ ചേര്‍ന്ന സംഘമാണ് എസ്‍സിഒ. വ്യാപാരം, വിദ്യാഭ്യാസം, ഊർജ്ജം, ഗതാഗതം, ടൂറിസം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ അംഗരാജ്യങ്ങളില്‍ക്കിടയില്‍ സുസ്ഥിര വികസനമാണ് സംഘനയുടെ ലക്ഷ്യം.
മുന്‍കരുതലിന്‍റെ ഭാഗമായി സ്കൂളുകളും കോളേജുകളും അടച്ച് പൂട്ടി. ഒപ്പം വിവാഹം അടക്കമുള്ള എല്ലാവിധ ആഘോഷങ്ങള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി രാജ്യതലസ്ഥാനത്ത് സൈന്യത്തെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്.
