ഗായിക കെഎസ് ചിത്രയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഇത്തരം സന്ദേശങ്ങളിൽ വീഴരുതെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചിത്ര ആവശ്യപ്പെട്ടു. ചിത്രയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചിത്രയുടെ പേരുപയോഗിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച അഞ്ച് പേജുകൾ പൂട്ടിച്ചു.
തന്‍റെ പേരിലുള്ള വ്യജ ഫേസ്ബുക്ക് പേജിലൂടെ പണം തട്ടാൻ ശ്രമം നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ട് ചിത്ര കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അക്കൗണ്ടുകള്‍ പ്രവർത്തിപ്പിച്ച കുറ്റവാളികള്‍ക്കായുള്ള അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു സ്‌ക്രീൻഷോട്ട് ചിത്ര പുറത്തുവിട്ടത്. 10,000 രൂപ നിക്ഷേപിച്ചാല്‍ ഓരാഴ്ചയ്‌ക്കകം 50,000 രൂപ തിരിച്ച് നല്‍കുന്ന പദ്ധതിയുടെ അംബാസിഡറാണെന്നായിരുന്നു സന്ദേശം. താൻ ആരോടും പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും തന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചിത്ര അറിയിച്ചു.
