എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആണ് കണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് എതിരെ കുരുക്ക് മുറുകുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പി.പി. ദിവ്യ കൊടുത്ത മൊഴിയിൽ പ്രശാന്തുമായി മുൻപരിചയമില്ലെന്നാണ് വ്യക്തമാക്കിയത്. കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആണ് വെള്ളിയാഴ്ച അഞ്ചുവരെ ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.
ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്കിൽ വന്ന അപേക്ഷകനാണ് പ്രശാന്ത്. എതിർപ്പില്ലാരേഖ ലഭിക്കാതെ വന്നപ്പോൾ സഹായത്തിനായി എ.ഡി.എമ്മുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. രേഖ നൽകാൻ എ.ഡി.എം. പണം വാങ്ങി. അക്കാര്യം പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവീൻ ബാബുവിനോട് ചോദിച്ചതെന്ന് ദിവ്യ ആവർത്തിച്ചു. ചൊവ്വാഴ്ച അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കളക്ടർ അരുൺ കെ. വിജയൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
