കഞ്ചിക്കോട് ബ്രൂവറി വിഷയം നിയമസഭയിൽ ഇന്നും ചർച്ചയാക്കാൻ ഒരുങ്ങി പ്രതിപക്ഷം. ആരോപണങ്ങൾക്ക് എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ മറുപടി നൽകും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചര്‍ച്ചയിലെ മറുപടിക്കിടെ ആയിരിക്കും മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുക. കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതിൽ ഗുരുതര അഴിമതി ആരോപണമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്.
അതേ സമയം, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ചട്ടപ്രകാരം എഴുതി നൽകിയിരുന്ന അഴിമതി ആരോപണങ്ങൾക്ക് എക്സൈസ് മന്ത്രി എം ബി രാജേഷ് ഇന്ന് വിശദീകരണം നൽകും. ടിപി വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് മുണ്ടക്കൈ -ചൂരൽമല പുനരധിവാസം തുടങ്ങിയ നിരവധി വിഷയങ്ങൾ ചോദ്യോത്തര വേളയിൽ ഉയരും. വന്യജീവി ആക്രമണം ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉന്നയിക്കുന്നുണ്ട്. ഇനി ഫെബ്രുവരി 7ന് ആണ് ഇന്ന് പിരിയുന്ന സഭ ഇടവേളക്ക് ശേഷം വീണ്ടും ചേരുക.
