News

വന്യ ജീവികളെ നേരിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല, വയനാട്ടിൽ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ വി ഡി സതീശൻ

വയനാട്ടിൽ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  മലയോര മനുഷ്യരെ വിധിക്ക് വിട്ടു കൊടുക്കുകയാണ് സർക്കാർ. വിഷയത്തിൽ കേന്ദ്ര സർക്കാരും ഇടപെടണം. സർക്കാർ നൽകുന്നത് തുച്ഛമായ നഷ്ട പരിഹാരമാണ്. കേരളത്തിലെ വന്യ ജീവി ആക്രമണം ഭീകരമാണെന്നും വന്യ ജീവികളെ നേരിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ഇതോടനുബന്ധിച്ച് മലയോര സമര യാത്ര നാളെ തുടങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു.  സംഭവത്തെ തുടർന്ന്  മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുന്നിലാണ് പ്രതിഷേധം.

ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധയാണ് കൊല്ലപ്പെട്ടത്.  വയനാട് വൈൽഡ് ലൈഫിന്റെ ഭാ​ഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.

 

Most Popular

To Top