ഹമാസ് ഭീകരാക്രമണത്തിന് ഒരാണ്ട്, പ്രതിരോധം ശക്തമാക്കി ഇസ്രായേൽ. ഇന്ന് ഒക്ടോബർ 7, പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കം കുറിച്ച ആ കറുത്ത ദിനത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. പാലസ്തീൻ അതിർത്തിയിലുള്ള ഇസ്രായേലിൽ ഗ്രാമങ്ങളിലേക്ക് മൂവായിരത്തോളം ഹമാസ് ഭീകരർ ഇരച്ചെത്തുകയും 1,200ലധികം ഇസ്രായേലികളെ കൊലപ്പെടുത്തുകയുമായിരുന്നു.
വാരാന്ത്യം ആഘോഷിക്കാനായി തടിച്ചുകൂടിയ ജനങ്ങൾക്കിടയിലേക്കാണ് അപ്രതീക്ഷിതമായി കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഭീകരർ അതിർത്തി കടന്നെത്തിയത്. ആക്രമണത്തിൽ 1,205 ഇസ്രായേലികളാണ് അന്ന് കൊല്ലപ്പെട്ടത്. നിരവധി പേരെ അന്ന് ബന്ദികളാക്കി. സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനത്തിന് വരെ ഇരയായി. 251 ബന്ദികളെ ഹമാസ് ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. മാസങ്ങൾക്കിപ്പുറം പലരെയും ജീവനറ്റാണ് ലഭിച്ചത്.
തങ്ങളുടെ പൗരന്മാരുടെ ജീവനെടുത്ത കിരാതർക്ക് തക്ക മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 27-ന് കര ആക്രമണം ആരംഭിക്കുന്നു. അന്ന് തുടങ്ങിയ ആക്രമണം ഇന്നും തുടരുകയാണ്. ഇതുവരെ 40,000-ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
