നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ഒരു മണിയോടെ ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയിൽ എത്തിക്കുക. സുധാകരനും അമ്മ ലക്ഷ്‌മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്ത ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തും. ജനരോക്ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയില്‍ ആയിരിക്കും തെളിവെടുപ്പ് നടക്കുക. പോത്തുണ്ടിയില്‍ മാത്രം നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന.
നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂർ പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ എ.ആർ. ക്യാമ്പിൽ നിന്നുള്ളവർ ഉൾപ്പെടെ 500 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമര. പ്രതിക്ക് പശ്ചാത്താപമില്ലെന്നും പൂർവ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും ആണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതിൽ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകൾ നടത്തിയത്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.