നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസ് കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം നല്‍കാവൂ എന്നും. എസ്‌ഐടി അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണം എന്നും. ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ സാഹചര്യത്തിൽ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
യാത്രയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.
