ഗോപന്‍ സ്വാമിയുടെ സമാധിയിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ രംഗത്തെത്തിയതിനു പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഗോപൻസ്വാമി സമാധിയായതാണെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കുടിയിരുത്തിയെന്നുമാണ് കുടുംബത്തിന്റെ വാദം. മരണസമയത്ത് മകന്‍ രാജസേനന്‍ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ രണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാള്‍ മൊഴി നല്‍കി. ‘ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്.
കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്. വീട്ടിലെത്തിയ ആ രണ്ടുപേർ ആരാണെന്ന് പോലീസ് അന്വേഷിക്കും.
അതേസമയം, വ്യാഴാഴ്ച 10.30ന് ഗോപന്‍ സ്വാമിയെ കാണുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നു എന്ന് വീട്ടിലെത്തിയ അടുത്ത ബന്ധു മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
