News

മുബീന മോഷണം നടത്തിയത് ആഡംബര ജീവിതത്തിന്, പണമുണ്ടാക്കാന്‍ നാത്തൂന്റെ വീട്ടിലും മോഷണം

കൊല്ലം ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന ഇൻസ്റ്റാഗ്രാം താരം മുബീന അറസ്റ്റിൽ. ജനമഠം സ്വദേശി മുബീനയെയാണ് പൊലീസ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനുള്ളിൽ അറസ്റ്റ് ചെയ്തത്.

മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ കാണാതായ സംഭവത്തിലെ അന്വേഷണമാണ് ഇൻസ്റ്റഗ്രാം താരത്തെ സിസിടിവി കുടുക്കിയത്. സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു.

മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസിലായി. ദൃശ്യങ്ങളെല്ലാം ശേഖരിച്ച ശേഷം ഒക്ടോബര്‍ 12ന് മുനീറ ചിതറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനിൽ തന്നെ നൽകിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ നാത്തൂൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മുബീനയുടെ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. എന്നാൽ നയിച്ചിരുന്ന ആഢംബര ജീവിതത്തിനുള്ള സാമ്പത്തിക ശേഷി മുബീനക്ക് ഇല്ലെന്നും പൊലീസിന് അന്വേഷണത്തിൽ മനസിലായി. തുടർന്ന് തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന കുറ്റസമ്മതം നടത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ വിഡിയോ ചെയ്ത് ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മുബീന. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Most Popular

To Top