News

മൈനാഗപ്പള്ളിയിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; അജ്മലിനെതിരെ നടപടി ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്, ലൈസൻസ് സസ്പെൻഡ് ചെയ്യും

മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാര്‍ ഓടിച്ച പ്രതിയായ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.  ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അപകടമുണ്ടാക്കിയശേഷം പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും കാറില്‍ അമിതവേഗതയില്‍ പോകുന്നതും കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് തടയുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

അമിതവേഗത്തില്‍ പാഞ്ഞ കാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്‍റെ ഡോര്‍ തുറന്ന് പ്രതിയായ അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ ത‍ടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അജ്മലിന് പുറകെ ശ്രീകുട്ടിയും നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്.

അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതില്‍ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച്‌ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്.

 

 

 

 

 

Most Popular

To Top