പ്രമേഹം, ഹൃദ്രോഗമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറച്ചു. ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) ആണ് വില കുറച്ച് കൊണ്ടുള്ള വിജ്ഞാപനമിറക്കിയത്. പ്രമേഹം, ശരീരവേദന, ഹൃദ്രോഗം, കരള്‍പ്രശ്നങ്ങള്‍, അണുബാധ, അലർജി, ദഹനപ്രശ്നം എന്നിവക്കുള്ള മരുന്നുകള്‍, മള്‍ട്ടി വിറ്റമിനുകള്‍, ആൻറിബയോട്ടിക്കുകള്‍ തുടങ്ങിയവയുടെ വിലയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.
ഇത് സ്ഥിരമായി ഈ രോഗങ്ങൾക്ക് മരുന്നുകളെ ആശ്രയിച്ച് കഴിയുന്ന രോഗികൾക്ക് ഏറെ ആശ്വാസമേകുന്ന കാര്യമാണ്. കരൾ സംബന്ധമായി ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകളുടെ വില 30 രൂപയില്‍നിന്ന് 16 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. ആസ്ത്മക്കുള്ള ബുഡെസോണൈഡ് ഫോർമോട്ടെറോള്‍ കോമ്ബിനേഷൻ 120 ഡോസുള്ള ഒരു ബോട്ടിലിന്‍റെ വില 794.40 രൂപയായി കുറച്ചു. ഇത് ആസ്‌മ രോഗികൾക്ക് ഏറെ ആശ്വാസമേകുന്ന കാര്യമാണ്. കാരണം ഇതിനു മുൻപ് 3800 രൂപയായിരുന്നു ഇതിന്റെ വില.
ബി പി യ്ക്ക് ഉള്ള ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളിക 10.45 രൂപക്ക് ആണ് ഇനി ലഭിക്കുക. നേരത്തേ ഇതിന്റെ വില 11.07 രൂപയായിരുന്നു. അണുബാധക്കുള്ള സെഫ്‌റ്റാസിഡിം ആൻഡ് അവിബാക്‌ടം (സോഡിയം സാള്‍ട്ട്) പൗഡർ ഒരു വയലിന്‍റെ വില 4000 രൂപയില്‍നിന്ന് 1567 രൂപയായി കുറിച്ചിരിക്കുകയാണ്. ഒരു മില്ലിക്ക് 2.57 രൂപയുണ്ടായിരുന്ന ആന്‍റാസിഡ് ആന്‍റി ഗ്യാസ് ജെല്ലിന്റെ വില 56 പൈസയായി കുറിച്ചിരിക്കുകയാണ്. അറ്റോർവാസ്റ്റാറ്റിൻ, ക്ലോപ്പിഡോഗ്രല്‍, ആസ്പിരിൻ ക്യാപ്‌സ്യൂള്‍ എന്നിവയുടെ വില 30 രൂപയില്‍നിന്ന് 13.84 രൂപയായി കുറയ്ക്കുകയും ഇബുപ്രോഫെൻ, പാരസെറ്റമോള്‍ ഗുളികയുടെ വില ആറു രൂപയില്‍നിന്ന് 1.59 രൂപയായി കുറക്കുകയുമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
