അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ലോറി ഉടമ മനാഫ്. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല. മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്നത് മനാഫ് ഒരിക്കലും ചെയ്യില്ല. അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു.
യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘർഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.
അർജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് താൻ പറഞ്ഞിരുന്നു. എന്നെക്കൊണ്ട് കഴിയും വിധം അഭ്യർഥിച്ചിട്ടുണ്ട്. ഈ സമയം വരെ അർജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അങ്ങോട്ടും അവരുടെ കൂടെത്തന്നെയാകും മനാഫ് പറഞ്ഞു.
സൈബർ ആക്രമണത്തിനെതിരെ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ മനാഫാഫിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണം. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയതിനുള്ള വകുപ്പ് ചുമത്തിയാണ് ലോറി ഉടമ മനാഫ് അടക്കമുള്ളവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.
