മലയാളത്തില്‍ ബിഗ് എമ്മുകള്‍ വീണ്ടും ഒന്നിക്കുന്നു. പതിനാറ് കൊല്ലത്തിന് ശേഷമാണ് മുഴുനീള കഥാപാത്രങ്ങളായി ഇരുവരും ഒന്നിച്ച് എത്തുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍ മാസം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 80 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൂടുതല്‍ നിര്‍മ്മാണ പങ്കാളികള്‍ ഉണ്ടാകും എന്നാണ് വിവരം. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ദില്ലി, കൊച്ചി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് നടക്കും എന്നാണ് വിവരം. നടനവിസ്‌മയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇതിനോടകം 50 സിനിമകളില്‍ ഒരുമിച്ചഭിനയിച്ചു.
