ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു. വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയും വിജയ പ്രതീക്ഷ പങ്കുവെച്ച കെകെ ശൈലജ വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണമെന്നാണ് പറഞ്ഞത്. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അവർ പ്രതികരിച്ചു.
രണ്ട് എംഎൽഎമാർ ജനവിധി തേടിയ മണ്ഡലമാണ് വടകര. എക്സിറ്റ് പോൾ റിസൾട്ടുകൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളതെന്നും ശൈലജ കൂട്ടിച്ചേർത്തു. സിപിഎമ്മിന്‍റെ വിലയിരുത്തലിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.












