മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിൽ കേരളത്തിൽനിന്ന് മദ്യമെത്തി. ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ബിയറും ഉൾപ്പെടെ 267 കേസ് മദ്യം കൊച്ചിയിൽ നിന്നും കപ്പൽമാർഗം ബംഗാരത്ത് ദ്വീപിൽ എത്തിച്ചതായി റിപ്പോർട്ട്. ലക്ഷദ്വീപിൽ എത്തിച്ച മദ്യത്തിൽ 80 ശതമാനവും ബിയറാണ്. 215 കേസ് ബിയറും 39 കേസ് വിദേശ മദ്യവും 13 കേസ് ഇന്ത്യൻ നിർമത വിദേശ മദ്യവും ആണ് ബംഗാരത്ത് ദ്വീപിൽ എത്തിയിരിക്കുന്നത്.
കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് ഇത്രയും വലിയ അളവിൽ ആദ്യമായി മദ്യം എത്തിക്കുന്നത്. ബിവറേജസ് കോർപ്പറേഷന് 21 ലക്ഷത്തിന്റെ വില്പനയാണ് ഇതുവഴി നടന്നാണ് റിപ്പോർട്ട് . ഒറ്റതവണ അനുമതിയായാണ് മദ്യം ലക്ഷദ്വീപിൽ എത്തിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡിനും ബാറുകൾക്കും നിരക്കിൽ ലഭിക്കുന്ന 20 ശതമാനം ഇളവ് സ്പോർട്സിനും ലഭിക്കും. എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ലക്ഷദ്വീപിലേക്ക് മദ്യം കൊണ്ടു പോകാൻ പെർമിറ്റ് നൽകിയത്. ബംഗാരത്ത് ദ്വീപിൽ മദ്യ വിതരണം നടക്കുമെങ്കിലും മറ്റു ദ്വീപുകളിലെ മദ്യനിരോധനം തുടരും.
