പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ തീയതി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് അപേക്ഷിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കുംഭമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം കാത്ത് നിരവധി ആളുകളും പലയിടങ്ങളിലായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ റെക്കോർഡുകൾ തകർത്ത ഇത്തവണത്തെ കുംഭമേളയിൽ ഫെബ്രുവരി പകുതിയോടെ 50 കോടിയിലേറെ ഭക്തരാണ് പങ്കെടുത്തത്.
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കണക്ക് പ്രകാരം വെള്ളിയാഴ്ച വരെ 50 കോടി ആളുകളാണ് സ്‌നാനം ചെയ്തത്. ഇത് അമേരിക്കയുടെയും റഷ്യയുടെയും ആകെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഫെബ്രുവരി 14നു മാത്രം 92 ലക്ഷത്തിലേറെ ആളുകൾ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. കുംഭമേളയുടെ ദിവസങ്ങൾ നീട്ടിയാൽ കൂടുതൽ പേർക്കു പങ്കെടുക്കാമെന്നും തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ കുറയ്ക്കാമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവരുടെ നിലപാട്. ട്രെയിനുകളിലെ തിരക്കും റോഡിലെ ഗതാകതകുരുക്കും കാണിക്കുന്ന ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 300 കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള ഗതാഗതകുരുക്ക് രൂപപ്പെട്ടതിനാല്‍ ഒരുപാട് യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് ഇത്തവണത്തെ കുംഭമേള നടക്കുന്നത്. മഹാശിവരാത്രി ദിവസമാണ് കുംഭമേള അവസാനിക്കുന്നത്.
