കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പുറത്ത് വന്നത്. നാലുവയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പുറത്ത് വന്ന വാർത്ത. ആറാം വിരൽ നീക്കം ചെയ്യാൻ വേണ്ടിയാണ് കുട്ടിയ ശാസ്ത്രക്രീയയ്ക്ക് വിധേയയാക്കിയത്. എന്നാൽ കൈക്ക് പകരം നാവിൽ ആണ് സർജറി നടത്തിയത്. ഈ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ചെറുവണ്ണൂർ സ്വദേശിയായ കുട്ടിയെയാണ് ഡോക്ടർമാരുടെ പിഴവ് മൂലം അവയവം മാറി ഓപ്പറേഷൻ ചെയ്തത്. സംഭവത്തിൽ തങ്ങൾക്ക് പിഴവ് സംഭവിച്ചു എന്ന് ഡോക്ടർമാരും ബന്ധുക്കളോട് സമ്മതിച്ചിരുന്നു. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ ബിജോണ്‍ ജോണ്‍സനെ സസ്പെൻഡ് ചെയ്തിരുന്നു.
ഈ സംഭവത്തിൽ തങ്ങൾക്ക് പരാതിയില്ല എന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു എങ്കിലും മെഡിക്കല്‍ കോളജ് ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്. സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്കെതിരെ ഇന്നലെ മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടൗണ്‍ എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതലയുള്ളത്.
