അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറ ഇളക്കുമെന്ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവായ ഗുര്‍പത്‌വന്ത് സിങ് പന്നു. ഇന്ത്യയിലെ രാമക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങളെ നവംബര്‍ 16നും 17നും ആക്രമിക്കുമെന്ന് പന്നു ഭീഷണി മുഴക്കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.
കാനഡയിലെ ബ്രാംപ്റ്റണിൽ നിന്ന് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന വീഡിയോയിലൂടെ ഹിന്ദു വിഭാഗത്തിന്റെ ആരാധനാലയങ്ങളാണ് ഖാലിസ്ഥാനി ഭീകരർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറ തങ്ങൾ ഇളക്കുമെന്നാണ് പന്നു തന്റെ വീഡിയോയിൽ പറയുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ നേരിട്ടൊരു ഭീഷണി സന്ദേശം അയോധ്യ രാമക്ഷേത്രത്തിന് നേരെ ഉയരുന്നത്. ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മോദി അവിടെ പ്രാര്‍ഥിക്കുന്ന ചിത്രങ്ങളാണ് പന്നുവിന്റെ വിഡിയോയിലുള്ളത്.
ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാനഡയിലെ ഇന്ത്യക്കാര്‍ക്കും പന്നൂ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്നിനും 19 നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പറക്കരുതെന്ന് കഴിഞ്ഞ മാസം പന്നു യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1984 ലെ സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പന്നു ഭീഷണി മുഴക്കിയത്.
