കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണർ നൽകിയ നാല് അംഗങ്ങളുടെ നാമനിര്‍ദ്ദേശം റദ്ദാക്കി ഹൈക്കോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ച് ഗവര്‍ണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ സ്വന്തം നിലയില്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തിരുന്നു. ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്.
എന്നാൽ നാലുപേരും എബിവിപി പ്രവര്‍ത്തകരായിരുന്നു എന്നും രാഷ്ട്രീയ പശ്ചാത്തലം നോക്കിയാണ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തതെന്നുമായിരുന്നു പ്രധാന ആരോപണം. സര്‍വകലാശാല നല്‍കിയ പട്ടികയിലുള്ള കുട്ടികളേക്കാള്‍ എന്ത് അധിക യോഗ്യതയാണ് നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവച്ചു.
ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നല്‍കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിന്റ്മെന്റ് നടത്താൻ കോടതി നിർദ്ദേശം നല്‍കി.
