News

ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രയേൽ; മടങ്ങാൻ വിസമ്മതിച്ച എട്ട് പേരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി

ജറുസലേം: ഗാസയിലേക്ക് പോയ സഹായ കപ്പലിൽ ഉണ്ടായിരുന്ന സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബെർഗിനെ ഇസ്രയേൽ അധികൃതർ നാടുകടത്തി. അഷ്ഡോഡ് തുറമുഖത്ത് അവരുടെ കപ്പൽ നങ്കൂരമിടുകയും തുടർന്ന് മണിക്കൂറുകൾക്ക് ശേഷം, തുൻബെർഗിനെയും മറ്റ് മൂന്ന് പേരെയും ഇസ്രയേൽ രാജ്യത്ത് നിന്ന് പുറത്താക്കുകയുമായിരുന്നു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നാല് ആക്ടിവിസ്റ്റുകൾ ഇസ്രയേൽ വിടാൻ സ്വമേധയാ സമ്മതിച്ചു, അതേസമയം എട്ട് പേർ വിസമ്മതിച്ചു, തുടർന്ന് അവരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്ന് ഫ്രാൻസ് വഴി സ്വീഡനിലേക്ക് പോകുന്ന വിമാനത്തിൽ തുൻബർഗ് ഇരിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഫോട്ടോകളിലുണ്ട്.

മാഡ്‌ലീൻ എന്ന് പേരിട്ടിരിക്കുന്നതും ഇസ്രയേൽ ‘സെൽഫി യാച്ച്’ എന്ന് വിളിക്കുന്നതുമായ കപ്പലിനെ ഇസ്രയേൽ നാവികസേന തടഞ്ഞിരുന്നു. 2007 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന നാവിക ഉപരോധത്തെ വെല്ലുവിളിക്കുന്നതിനായി ദീർഘകാലമായി നടക്കുന്ന ഒരു പ്രചാരണത്തിന്റെ ഭാഗമാണ് ഫ്‌ലോട്ടില്ല.

ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തുൻബെർഗിനെയും മറ്റ് തടവുകാരെയും കാണിക്കാൻ ഇസ്രയേൽ അധികൃതർ ശ്രമിച്ചുവെങ്കിലും അവർ അത് നിരസിച്ചുവെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.

കാറ്റ്സ് സംഘത്തെ ‘സെമിറ്റിക് വിരുദ്ധ ഫ്‌ലോട്ടില്ല അംഗങ്ങൾ’ എന്ന് വിളിക്കുകയും പലസ്തീൻ നടപടികളുടെ യാഥാർത്ഥ്യങ്ങൾ അവർ അവഗണിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

കുട്ടിക്കാലത്ത് കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങളിലൂടെ ആഗോളതലത്തിൽ അംഗീകാരം നേടിയ തുൻബെർഗ്, അടുത്തിടെ പലസ്തീൻ ലക്ഷ്യത്തെ പിന്തുണച്ച് ശബ്ദമുയർത്തി. മാഡ്‌ലീൻ യാത്രക്കാരെ ‘തട്ടിക്കൊണ്ടുപോയതിനെ’ അപലപിക്കാൻ അവർ സ്വീഡിഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

Most Popular

To Top