സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗതഗാനത്തിന് ഒരു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. ആശ ശരത് അടക്കമുളളവർ മന്ത്രി ഉദ്ദേശിച്ചത് തന്നെ അല്ലെന്ന് വ്യക്തമാക്കി രംഗത്ത് വരികയും ചെയ‌്തു. ഇതുമായി ബന്ധപ്പെട്ട് വിമർശനം ഉയർത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ
സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങൾക്കും സൗജന്യ സേവനമാണോ ? ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നൽകാമെങ്കിൽ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നൽകിക്കൂടാ എന്നും സന്ദീപ് വാര്യർ ചോദിച്ചു.
മന്ത്രി ആയതിനുശേഷം ശിവൻകുട്ടി ശമ്പളം വാങ്ങുന്നില്ലേ ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത് ? ആശുപത്രിയിൽ പോയി കിടക്കുമ്പോൾ കണ്ണടക്കും തോർത്തുമുണ്ടിനും പഴം പൊരിക്കും വരെ സർക്കാരിൽ നിന്ന് റീ ഇമ്പേഴ്സ്മെൻറ് വാങ്ങുന്ന മന്ത്രിമാർ കലാകാരന്മാർക്കും കലാകാരികൾക്കും വിലയിടാൻ നിൽക്കരുതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
മന്ത്രി വലിയ തുക ചോദിച്ചതായി പറഞ്ഞ് ആ കലാകാരിയെ , അവർ ആരോ ആകട്ടെ, ആക്ഷേപിക്കുന്നത് ശരിയല്ല. അവർ നേരത്തെ സംസ്ഥാന യുവജനോത്സവത്തിൽ വിജയിയായിട്ടുണ്ടെങ്കിൽ അത് അവരുടെ മിടുക്കാണ് എന്നും സന്ദീപ് വാര്യർ പറഞ്ഞു.
