ന്യൂഡൽഹി: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹലാലിന് ഇന്ത്യൻ കരസേനയുടെ ആദരം. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ച് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിനെ ആദരിച്ചു. ഇതൊരു വലിയ ബഹുമതിയാണെന്നും, കൂടുതൽ യുവാക്കളെ ടെറിട്ടോറിയൽ ആർമിയിൽ ചേർക്കുന്നതിനെക്കുറിച്ച് ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച ചെയ്തതായും മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ 16 വർഷമായി താനും കരസേനയുടെ ഭാഗമാണെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ പരിമിതിക്കുള്ളിൽ നിന്ന് സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനുമായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ടിഎ ബറ്റാലിയനുകളിൽ എങ്ങനെ കൂടുതൽ കാര്യക്ഷമത കൊണ്ടുവരാം എന്നും രാജ്യത്തിനു വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും കരസേനാ മേധാവിയുമായി ചർച്ച ചെയ്തു.
അതൊരു ചെറിയ ചർച്ചയായിരുന്നു, പക്ഷേ വലിയ പദ്ധതികൾ ഇനിയും വരാനിരിക്കുന്നുവെന്നും മോഹൻലാൽ സൂചിപ്പിച്ചു. സ്‌ക്രീനിൽ നിരവധി തവണ സൈനികന്റെ വേഷം ചെയ്ത മോഹൻലാൽ, ഇനിയും അത്തരം സിനിമകൾ ചെയ്യാൻ പദ്ധതിയുണ്ടെന്നും പറഞ്ഞു.
ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ് എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.












