ഭാരതത്തിന്റെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘാതില്‍ നിന്ന് ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം. അരിഘാതില്‍ നിന്നുള്ള ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. 3500 കിലോമീറ്റര്‍ ദൂര പരിധിയുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പരീക്ഷിച്ചത്. ഇതോടെ ഐഎന്‍എസ് അരിഘാതും കെ4 മിസൈലും പ്രതിരോധ സേനയുടെ കരുത്തായി.
കരയിലും കടലിലും ആകാശത്തും നിന്ന് ആണവായുധം പ്രയോഗിക്കാൻ ശേഷിയുള്ള അപൂർവം രാജ്യങ്ങളുടെ നിരയിൽ ഇതോടെ ഇന്ത്യയും സ്ഥാനമുറപ്പിച്ചു. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ആഗസ്തിലാണ് ഐഎന്‍എസ് അരിഘാത് നാവികസേനയുടെ ഭാഗമായത്. ഐഎന്‍എസ് അരിഹന്താണ് സൈന്യത്തിന്റെ ആദ്യ അന്തര്‍വാഹിനി. 2018ല്‍ ഇത് സൈന്യഭാഗമായി. മൂന്നാമത്തെ അന്തര്‍വാഹിനി അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യും.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ രൂപ കല്‍പ്പന ചെയ്ത കെ4 മിസൈലിനെ സമ്പൂര്‍ണ സജ്ജമാക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘാത്, മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയുന്ന രീതിയിലാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. 112 മീറ്ററോളം നീളമാണ് അന്തർവാഹിനിക്കുള്ളത്. വിശാഖപട്ടണത്തെ കപ്പൽ നിർമാണ കേന്ദ്രത്തിൽ അതീവ രഹസ്യമായാണ് അരിഘാതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
