എഐ മേഖലയിൽ ഇന്ത്യയെക്കാൾ 10 വർഷം മുന്നിലാണ് ചൈനയെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചൈനയുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ വ്യാവസായിക സംവിധാനത്തിന്റെ പരാജയം മൂലമാണ് ഇന്ത്യൻ പ്രദേശത്ത് ചൈനയുടെ സാന്നിധ്യം ഉണ്ടാകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്‌സഭയിൽ ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം രാഹുൽ ഗാന്ധി മോദി സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ പരിഹസിക്കുകയും ചെയ്തു.
ഇന്ന് എല്ലാവരും സംസാരിക്കുന്നത് എഐയെപ്പറ്റിയാണ്. സത്യത്തിൽ എഐ തികച്ചും അർഥശൂന്യമായ ഒന്നാണ്. മൊബൈൽ ഫോണുകളോ ഇലക്ട്രിക് കാറുകളോ മറ്റേതു തരം ഇലക്ട്രോണിക് ഉപകരണങ്ങളോ ആകട്ടെ ഇവയുടെ എല്ലാം നിർമാണത്തിന് ഉപയോഗിക്കുന്ന ഡേറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് ചൈനയാണ്. രാജ്യത്തിന്റെ നിർമാണ മേഖല രണ്ടോ മൂന്നോ കമ്പനികളുടെ മാത്രം കുത്തക ആയാണ് നിലനിൽക്കുന്നതെന്നും രാജ്യത്തിന്റെ ബാങ്കിങ് സംവിധാനവും അവരുടെ കൈകളിലേക്ക് ചുരുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ചൈന റോബോട്ടുകൾ, മോട്ടോറുകൾ, ബാറ്ററികൾ, ഒപ്റ്റിക്സ് എന്നിവയിൽ വ്യാപകമായി പ്രവർത്തിക്കുണ്ട്. ഇന്ന് ലോകത്തിലെ മിക്കവാറും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചൈനയുടെ കൈവശമാണെങ്കിലും, ഉപഭോഗ ഡാറ്റ അമേരിക്കയുടെ ഉടമസ്ഥതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
