തിരുവനന്തപുരം: ദക്ഷിണ റെയിൽവേക്കു കീഴിലുള്ള ലോക്കോ പൈലറ്റുമാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും. ട്രെയിന്‍ ഗതാഗതം നിര്‍ത്തിയുള്ള സമരമല്ലെന്ന് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. ജോലിസമയം കുറയ്ക്കുക, ആഴ്ചാവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാരാണ് സമര രംഗത്തുള്ളത്. ഒറ്റയടിക്ക് 10 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യില്ലെന്നും തുടര്‍ച്ചയായി 2 രാത്രികളില്‍ കൂടുതല്‍ ട്രെയിന്‍ ഓടിക്കില്ലെന്നുമാണ് തീരുമാനം. ആഴ്ചയില്‍ 30 മണിക്കൂര്‍ വിശ്രമം ലഭിക്കണം.
അർഹതപ്പെട്ട സമയം വിശ്രമിച്ചശേഷം മാത്രമേ ട്രെയിൻ ഓടിക്കുവെന്ന് വ്യക്തമാക്കി അസോസിയേഷൻ ഭാരവാഹികൾ മേയ് 15ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങിനു സമരപ്രഖ്യാപന നോട്ടിസ് നൽകിയിരുന്നു.
