2023-24 സാമ്പത്തിക വർഷത്തില്‍ വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്ന് റിപ്പോർട്ട്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് ഈയിനത്തിൽ കഴിഞ്ഞ വർഷം ബിജെപിക്ക് ലഭിച്ചത്. അതേസമയം, കോൺഗ്രസിന് 2023-24ൽ 288.9 കോടി രൂപയാണ് ലഭിച്ചത്. മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടി രൂപയുടെ സംഭാവനകൾ ബിജെപിക്ക് ലഭിച്ചു.
2022-23-ല്‍ പ്രൂഡൻ്റിനുള്ള ഏറ്റവും മികച്ച സംഭാവന നല്‍കിയവരില്‍ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തല്‍ ഗ്രൂപ്പ്, ഭാരതി എയർടെല്‍ എന്നിവരാണ് മുന്നില്‍. അതേസമയം, ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള രസീതുകള്‍ ഉള്‍പ്പെടുന്നില്ല. കാരണം ഈ വിവരങ്ങള്‍ രാഷ്ട്രീയ പാർട്ടികള്‍ അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളില്‍ മാത്രമേ പ്രഖ്യാപിക്കൂ.
മുൻവർഷത്തെ അപേക്ഷിച്ച് 2023-24ൽ ബിജെപിക്ക് സംഭാവനകളിൽ 212% വർധനവ് രേഖപ്പെടുത്തി. 2018-19ൽ, 2019ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പുള്ള വർഷം, ബിജെപി 742 കോടി രൂപയും കോൺഗ്രസ് 146.8 കോടി രൂപയും സംഭാവന ലഭിച്ചിരുന്നു. ചില പ്രാദേശിക പാർട്ടികള്‍ അവരുടെ 2023-24 സംഭാവന റിപ്പോർട്ടുകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവന ചില പാർട്ടികള്‍ സ്വമേധയാ പ്രഖ്യാപിച്ചു. 495.5 കോടി രൂപ ബോണ്ടുകളായി ലഭിച്ചെന്ന് ബിആർഎസ് അറിയിച്ചു. ഡിഎംകെയ്ക്ക് 60 കോടിയും വൈഎസ്‌ആർ കോണ്‍ഗ്രസിന് 121.5 കോടിയും ലഭിച്ചു. ജെഎംഎമ്മിന് 11.5 കോടിയും ലഭിച്ചു.
