ജീവിതത്തിൽ തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കണമെന്നും പറഞ്ഞതിൽ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ വിശദീകരണവുമായി നടി സ്വാസിക. ഭര്‍ത്താവിന് കീഴില്‍ ജീവിക്കുക എന്നത് തന്റെ തീരുമാനമാണെന്നും ഇത് മറ്റാരും പിന്തുടരേണ്ടതില്ല എന്നുമാണ് നടിപറയുന്നത്. കൗമാരകാലത്താണ് താന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. തന്റെ അച്ഛനും അമ്മയും ഒന്നും ഇങ്ങനെയല്ല. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായി ഇരിക്കണമെന്നും തുല്യതയില്‍ വിശ്വസിക്കണമെന്നും നടി വ്യക്തമാക്കി.
അച്ഛനും അമ്മയും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവർ വേണ്ടെന്ന് പറഞ്ഞാൽ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. ഞാന്‍ ഇതില്‍ ഹാപ്പിയാണ്, സംതൃപ്തയാണ്. പക്ഷേ മൂന്നാമതൊരാൾ ഇത് കേട്ട് സ്വാധീനിക്കപ്പെടേണ്ട കാര്യമില്ല. ഇതാണ് ശരിയെന്ന് ഞാൻ എവിടെയും പറയുന്നുമില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തിൽ വന്നാലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താഗതി മാറുമെന്ന് പറയും പക്ഷെ എനിക്ക് മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. എനിക്കാ പഴയ രീതിയിൽ ഇരുന്നാൽ മതി. ഇത് ഞാന്‍ ബോധപൂര്‍വം എടുത്ത തീരുമാനമാണ് സ്വാസിക പറഞ്ഞു.
