കവിയൂർ പൊന്നമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമ ലോകം. ഏക മകളെകുറിച്ച് പൊന്നമ്മയും, താരത്തെക്കുറിച്ചു മകളും തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
തന്റെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തനായി അഭിനയത്തിലേക്ക് ഇറങ്ങിയതാണ് കവിയൂര്‍ പൊന്നമ്മ. വീട്ടിലെ ആവശ്യങ്ങളും ആവശ്യക്കാരും കൂടുന്നതിന് അനുസരിച്ച് സിനിമാ സെറ്റുകളിലേക്കുള്ള അവരുടെ ഓട്ടവും കൂടി വന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് ഒന്നാം സ്ഥാനവും കുടുംബത്തിന് രണ്ടാം സ്ഥാനവും നൽകേണ്ടി വന്നു. അതിന്റെ വിഷമത്തില്‍ ഏക മകള്‍ ബിന്ദു തന്നെ കവിയൂര്‍ പൊന്നമ്മയോട് അകല്‍ച്ച കാണിക്കുകയും ചെയ്തതായി നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.
മകള്‍ ബിന്ദുവുമായി താന്‍ സംസാരിച്ചിരുന്നെന്നും അവര്‍ക്ക് നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകന്‍ പറഞ്ഞു. പിന്നാലെ അതിന്റെ കാരണങ്ങളെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ സംസാരിക്കുകയായിരുന്നു. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു എന്നാണ് താരം പറഞ്ഞിരുന്നത്.












