News

ഭാര്യയെ ഫോണിൽ വിളിച്ച് മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഭാര്യയെ ഫോണിൽ വിളിച്ച് മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയും മസ്‌ജിദ് ഇമാമുമായ അബ്‌ദുള്‍ ബാസിത്തിനെയാണ് അറസ്‌റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും പൊലീസ് വ്യക്തമാക്കി. 20 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചവറ പൊലീസ് ബാസിത്തിനെ അറസ്‌റ്റ് ചെയ്‌തത്.

മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണം) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബാസിത്തിനെതിരെ കേസെടുത്തത്, ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം പീഡനത്തിന് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രതി ആദ്യവിവാഹം മറച്ചുവച്ചാണ് തന്നെ രണ്ടാമത് വിവാഹം കഴിച്ചതെന്നും 20 കാരിയായ യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. ബാസിത്തും യുവതിയും തമ്മിൽ വഴക്കിട്ടിരുന്നു, തുടര്‍ന്ന് യുവതിയെ ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുവിടുകയും ഫോണ്‍ വിളിച്ച് മുത്വലാഖ് ചൊല്ലുകയും ചെയ്‌തു. ബാസിത്തിന്‍റെ രണ്ടാം വിവാഹം ആണ് ഇതെന്നും, ആദ്യവിവാഹക്കാര്യം മറച്ചുവച്ചാണ് ബാസിത്ത് വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇന്ത്യൻ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ് മുത്വലാഖ്, ഇത് ദുരുപയോഗം ചെയ്യുന്ന പുരുഷന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.

 

Most Popular

To Top