News

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ പരാതി; ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ, നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും സെൻട്രൽ പൊലീസിന്റെ പരിഗണനയിലാണ്.

അതേസമയം ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണെന്ന് കോടതി ചോദിച്ചു. ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.

ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ് . ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്.

 

Most Popular

To Top