ഹമാസ് നേതാവ് യഹിയ സിൻവർ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിച്ചിരുന്നു. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യ സിന്‍വര്‍ ആണെന്ന് സ്ഥിരീകരിച്ചത്.
യഹിയ സിന്‍വറായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് യഹ്യയെ അവരോധിച്ചത്.
സിൻവറിന്റെ മരണത്തെക്കുറിച്ചുള്ള വാർത്തകൾക്കിടെ, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സിൽ ഇങ്ങനെ കുറിച്ചു. , “ഞങ്ങൾ എല്ലാ തീവ്രവാദികളിലേക്കും എത്തും, അവനെ ഇല്ലാതാക്കും.”
അതേസമയം, തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ടൗൺ മേയറടക്കം 5 പേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തെ തുടർന്നുള്ള ദുരിതങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നേതൃത്വത്തിൽ യോഗം നടക്കുമ്പോളായിരുന്നു വ്യോമാക്രമണം.
