സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽമെഷീനും വാഗ്ദാനം ചെയ്ത തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണത്തിന് കൈമാറും. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് ചുമതല. സംസ്ഥാനത്ത് നിരവധി പരാതികൾ ഉയരുകയും ആയിരം കോടിയിലധിക്കം പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്. ആനന്ദ കൃഷ്ണനെ നാളെ ലോക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനിരിക്കെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തു കൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും.
സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണ് സിഎസ്ആർ ഫണ്ടിന്റെ പേരിൽ അനന്തുകൃഷ്ണൻ നടത്തിയ തട്ടിപ്പ്. പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീനും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.