വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വൈകുന്നേരം ആറേകാലോടെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍നിന്ന് ഫോണ്‍ വന്നുവെന്നും തുടര്‍ന്ന് മൂന്ന് യൂണിറ്റുകളെ അവിടേക്ക് അയച്ചതായും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.
തീപ്പിടിത്തമുണ്ടായെന്ന സംശയത്തിന് പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് 5.52-ഓടെ വിമാനത്താവളത്തില്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് 6.38-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
