News

തോറ്റ സ്ഥാനാർഥിക്ക് ഇ.വി.എം പരിശോധിക്കാം; ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാൻ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകണം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പരാജയപ്പെട്ടവരിൽ രണ്ടും മൂന്നൂം സ്ഥാനത്തെത്തിയവർക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാം. ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാൻ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും കെട്ടിവെക്കണം.

കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി പാറ്റ് എന്നിവയടങ്ങിയതാണ് ഒരു ഇ.വി.എം യൂണിറ്റ്. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന വേണമെന്ന് സ്ഥാനാർഥികൾക്ക് ആവശ്യപ്പെടാം. പരിശോധനക്കുള്ള മാർഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഏപ്രിൽ 26ന് സുപ്രിംകോടതി പുറപ്പെടുവിച്ച മാനദണ്ഡപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗരേഖ പുറത്തിറക്കിയത്. ഒരു പാർലമെന്റ് മണ്ഡലത്തിലുൾപ്പെട്ട ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ശതമാനം ഇ.വി.എം യൂണിറ്റുകൾ ഇത്തരത്തിൽ പരിശോധിക്കാൻ അനുവദിക്കണമെന്നാണ് സുപ്രിംകോടതി നിർദേശം.

ഒരു നിയമസഭാ മണ്ഡലത്തിൽ മൊത്തം ഉപയോഗിക്കുന്ന ഇ.വി.എമ്മുകൾ കണക്കാക്കിയാൽ 400 ബാലറ്റ് യൂണിറ്റുകൾ, 200 കൺട്രോൾ യൂണിറ്റുകൾ, 200 വി.വി പാറ്റുകൾ എന്നിവയുണ്ടാകും. ഇതിന്റെ അഞ്ച് ശതമാനം കണക്കാക്കുമ്പോൾ 20 ബാലറ്റ് യൂണിറ്റുകൾ 10 കൺട്രോൾ യൂണിറ്റുകൾ 10 വി.വി പാറ്റുകൾ എന്നിവ പരിശോധിക്കാനാവും. അട്ടിമറി തെളിഞ്ഞാൽ പണം തിരിച്ചുനൽകും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top