പതിവ് തെറ്റിക്കാതെ ഈ തവണയും സി ഐ എസ് സി ഇ ബോർഡ് പരീക്ഷയിൽ ഉജ്യല നേട്ടം കൈവരിച്ച് കേരളം . മികച്ച വിജയ ശതമാനം തന്നെയാണ് ഇക്കുറിയും മലയാളികൾ സ്വന്തമാക്കിയിരിക്കുന്നത്. 10-ാം ക്ലാസിൽ 99.99 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചപ്പോൾ 12-ാം ക്ലാസിൽ 99.93 ശതമാനം പേരാണ് തങ്ങളുടെ വിജയം രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ആകെ 160 സ്കൂളുകളിലെ 7186 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. അതിൽ 3512 ആൺകുട്ടികളും 3674 പെൺകുട്ടികളുമാണ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.
ഇത്രയും വിദ്യാർത്ഥികൾ പത്താംക്ലാസ് പരീക്ഷയെഴുതിയതിൽ 7185 പേരും വിജയിച്ചു. 72 സ്കൂളുകളിലെ 2822 വിദ്യാർത്ഥികളിൽ 1371 ആൺകുട്ടികളും 1451 പെൺകുട്ടികളുമാണ് 12-ാം ക്ലാസ് പരീക്ഷയെഴുതിയത്.ഇതിൽ 2820 പേരും വിജയിച്ചു. ഇരുക്ലാസുകളിലും പെൺകുട്ടികൾ നൂറുശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 10, 12 ക്ലാസുകളിൽ യഥാക്രമം 99.97 ശതമാനവും 99.85 ശതമാനവും വിജയിച്ചു. ഇതോടെ വീണ്ടും കേരളം സി ഐ എസ് സി ഇ പരീക്ഷയിൽ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയിരിക്കുകയാണ്.
