എരുമേലിയിൽ കുറിതൊടുന്നതിന് തീർത്ഥാടകരിൽ നിന്ന് ഫീസ് ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. മണ്ഡലകാലത്ത് ചന്ദനവും സിന്ദൂരവും സൗജന്യമായി ഭക്തർക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മാസപൂജ സമയത്ത് ഭക്തരെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറിതൊടലിന് 10 രൂപ ഫീസ് നിശ്ചയിച്ച് കരാർ നൽകിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
അതേസമയം, ഇത് മണ്ഡലകാലത്ത് നടന്ന സംഭവമാണെന്നും പൊട്ടുതൊടൽ ആചാരത്തിന്റെ ഭാഗമല്ലെന്നും ദേവസ്വം ബോർഡ് കോടതിയിൽ ആവർത്തിച്ചു. കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ സംഭവത്തിൽ തീരുമാനം പിൻവലിച്ചതായും, ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന്, ഇതിനായി മൂന്ന് കണ്ണാടികൾ നടപ്പന്തലിലും മറ്റ് ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
