കണ്ണൂർ:ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് യൂട്യൂബർ തൊപ്പിയെ കഴിഞ്ഞയാഴ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊപ്പിയുടെ ഡ്രൈവർ ജാബിർ എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ പോയി. നിലവിൽ പൊലീസ് ചോദ്യം ചെയ്യലിനെതിരെ മുൻകൂർ ജാമ്യത്തിനായി എറണാകുളം പ്രിൻസിപ്പാൾ സെഷൻസ് കോടതിയെ സമീപ്പിച്ചിരിക്കുകയാണ് തൊപ്പി.
എന്നാലിപ്പോൾ യൂട്യൂബർ തൊപ്പിയുമായി ബന്ധപ്പെട്ട എംഡിഎംഎ കേസിലെ അന്വേഷണം ഹവാല ഇടപാടുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഹവാല ഇടപാടുകളിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് രാസലഹരി വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റഷ്യയിലടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പ്രതിമാസം ഒരുകോടിയിലധികം രൂപ ഇവരുടെ അക്കൗണ്ടിലേക്കെത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ പണം കണ്ണൂർ വളപട്ടണത്തേക്ക് ഹവാല മാർഗ്ഗം മാറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കണ്ണൂർ സ്വദേശിയായ തൊപ്പി എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. വളപട്ടണം സ്വദേശിയും ബിസിനസുകാരനുമായ മുനാവർ എന്ന മുനീറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
