ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാനടനായി മാത്രമേ വരികയുള്ളൂ. അതിന് എന്റ സഹപ്രവര്‍ത്തകര്‍ വാങ്ങുന്നതരത്തില്‍ യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ. ആ കാശിനില്‍നിന്ന് നയാപൈസ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകും’, അദ്ദേഹം പറഞ്ഞു.
താൻ സിനിമ ചെയ്യുമെന്നും അങ്ങനെ സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വാടാനപ്പള്ളി ഏങ്ങണ്ടിയൂരിൽ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്ന സുരേഷ് ഗോപി പറഞ്ഞിരുന്നു.
