News

ധരിച്ചിരിക്കുന്ന വസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുത്; ഹൈക്കോടതി

സ്ത്രീകളെ അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ചിൻറേതാണ് നിർദേശം.  അങ്ങനെ വിലയിരുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ കാഴ്ചപ്പാടിണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ധരിക്കുന്ന വസ്ത്രം ഉള്‍പ്പെടെ കണക്കിലെടുത്ത് യുവതിക്ക് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചിരുന്നു. ഇതിനെതിരായാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഏത് തരം വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും അത് കോടതിയുടെ മോറല്‍ പൊലീസിങ്ങിന് വിധേയമാക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആഘോഷിച്ചതിനെയും മാവേലിക്കര കുടുംബ കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹ മോചനം നേടുന്നവർ സങ്കടപ്പെട്ട് കഴിയണമെന്ന കോടതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

Most Popular

To Top