തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തെ ഗൗരവത്തിലെടുത്ത് ഡിഎംകെ. അധികാരത്തുടർച്ചയുണ്ടാകുമെന്നും 200 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സ്റ്റാലിൻ നിർദേശം നൽകി.
മുഴുവൻ മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ, അധികാരത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പകർന്നു നൽകാനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശ്രമിച്ചത്. വിജയ് ഉയർത്തിയ രാഷ്ട്രീയ വിമർശനങ്ങളെയും ടിവികെ സമ്മേളനത്തിന് തടിച്ചുകൂടിയ ജനത്തെയും ഡിഎംകെ കാര്യമായി തന്നെയാണ് കാണുന്നത്. എതിരാളികൾ ഇല്ലാത്ത രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായെന്ന് ഡിഎംകെയ്ക്ക് ബോധ്യപ്പെട്ടു. വിജയ്‍യെ വിമർശിച്ച് ഡിഎംകെ നേതാക്കൾ രംഗത്തെത്തി.ടിവികെ സമ്മേളനം സിനിമാ പരിപാടിയെന്നും വിജയ് ബിജെപിയുടെ സി ടീം ആണെന്നും മന്ത്രി രഘുപതി.
ഡിഎംകെ മന്ത്രിസഭയിൽ ഘടകകക്ഷികൾക്ക് ഇടം നൽകുന്നില്ലെന്ന നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ വിമർശനത്തിന് പിന്നാലെ മന്ത്രിസ്ഥാനം വേണമെന്ന് തമിഴ്നാട് കോൺഗ്രസ് ആവശ്യപ്പെട്ട് കത്തയച്ചു. മന്ത്രിസഭയിൽ പ്രതിനിധ്യം വേണമെന്ന് തമിഴ്നാട് കോൺഗ്രസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ശരവണനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചത്.
