News

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. മരിച്ചവരിൽ ഒരാൾ തമിഴ്നാട് സേലം സ്വദേശിനിയായ മല്ലികയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍സ്ത്രീകളാണ്.

തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ ദിവസം വൈകിട്ടോടെയാണ് സംഭവം നടന്നത്. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. നിരവധി ഭക്തര്‍ക്ക് തിരക്കില്‍ ശ്വാസതടസം അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ക്ഷേത്ര സമിതിയും പരാജയപ്പെട്ടെന്നാണ് ഭക്തരുടെ ആരോപണം.

അപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയില്‍ എത്തും.

 

Most Popular

To Top