News

നവീൻ ബാബുവിന്റെ മരണം; കളക്ടറുടെ വാദം കെട്ടിച്ചമച്ചത്, ദുരൂഹതയെന്ന് കുടുംബത്തിന്റെ മൊഴി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് കുടുംബം. തെറ്റ് പറ്റിയെന്ന് നവീൻ ഏറ്റുപറഞ്ഞെന്ന കളക്ടറുടെ വാദം കെട്ടിച്ചമച്ചതാണെന്ന് കുടുംബം പറഞ്ഞു. കണ്ണൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം നവീൻ ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.  നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ, സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു, ബന്ധു ഹരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നവീന്‍ ബാബുവിന്റെ സംസ്‌കാരദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

കണ്ണൂർ കളക്ടറും നവീൻ ബാബുവുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പരാതിയിലും കണ്ണൂർ കളക്ടർക്കെതിരേ നൽകിയ മൊഴിയിലും കുടുംബാംഗങ്ങൾ ഉറച്ചുനിന്നു. യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോൾ പമ്പ് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ദുരൂഹതയുണ്ടെന്ന് കുടുംബം മൊഴി നൽകി.

ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതില്‍ പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.

Most Popular

To Top